മൂന്ന് വീതം ശംഖൂതി, കൂട്ടിക്കൊട്ട് വിളിച്ചു ചൊല്ലി; ആറാട്ടുപുഴ പൂരത്തിന് കൊടിയേറി

മൂന്ന് വീതം ശംഖൂതി, കൂട്ടിക്കൊട്ട് വിളിച്ചു ചൊല്ലി; ആറാട്ടുപുഴ പൂരത്തിന് കൊടിയേറി

ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ കൊടിയേറി. തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രത്തിന്റെ ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ളിങ്ങാട്ട് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ഓട്ടൂർമേക്കാട്ട് വിനോദ് നമ്പൂതിരി, ജയൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
വൈകുന്നേരം നാലിന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് പ്രാർഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോയത്. അവിടെ നിന്നും ആർപ്പും കുരവയുമായി കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കി കൊടിമരമാക്കി. ശാസ്താവിന്റെ നിലപാടു തറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കിയത്. ക്ഷേത്രനടപ്പുരയിൽ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും ഏഴ് സ്ഥാനങ്ങളിൽ ചാർത്തി കൊടിമരം അലങ്കരിച്ചു. അലങ്കരിച്ച കൊടിമരം ദേശക്കാരാണ് ഉയർത്തിയത്. തുടർന്ന് ക്ഷേത്രം ഊരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിച്ചു. വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗത്തെ കയറ്റി കുത്തു വിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിച്ചു. അവിടെ വെച്ച് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തുടർന്ന് തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങി. തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ചു. ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തിൽ രണ്ട് നാളികേരം ഉടച്ചു വെച്ചു. തുടർന്ന് അടിയന്തിരം മാരാർ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് ‘ക്ഷേത്രം ഊരാളന്മാർ മുഖമണ്ഡപത്തിൽ എഴുന്നെള്ളിയിട്ടില്ലേ’ എന്നും ‘സമുദായം നമ്പൂതിരിമാർ വാതിൽമാടത്തിൽ എത്തിയിട്ടില്ലേ’ എന്നും മൂന്ന് തവണ ചോദിച്ചു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് ‘ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ’ എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ മൂന്ന് തവണ കൂടി ചോദിച്ചു. മൂന്ന് പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെച്ചതോടുകൂടി കൊടിയേറ്റ ചടങ്ങുകൾ പൂർത്തിയായി.
Previous Post Next Post