കുടിവെള്ള വിതരണത്തിന്റെ പേരിൽ വടക്കാഞ്ചേരി നഗരസഭയിൽ പോര്
വടക്കാഞ്ചേരി : തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വരും മുൻപേ കുടിവെള്ള വിതരണത്തിനുള്ള നടപടി പൂർത്തിയാക്കി കുടിവെള്ളം വിതരണം ചെയ്തു തുടങ്ങിയെന്നു നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ. മാർച്ച് 25-ന് കുടിവെള്ളവിതരണം എവിടെയെല്ലാം നടത്തണം എന്നതു സംബന്ധിച്ച് കൗൺസിലർമാരോട് വിവരം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
കൗൺസിലർമാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി മേഖലകളിൽ സുഗമമായി കുടിവെള്ള വിതരണം നടക്കുന്നുണ്ട്. കനാൽ വഴി വാഴാനി അണക്കെട്ടിൽനിന്ന് ജലം തുറന്നുവിട്ട കാരണം കനാൽ പരിസരങ്ങളിലൊന്നും കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നില്ല.
അതുകൊണ്ട് അവിടെ കുടിവെള്ള വിതരണം നിലവിൽ ആവശ്യമില്ലെന്നും ആവശ്യപ്പെടുമ്പോൾ നഗരസഭ കുടിവെള്ളം നൽകുന്നുണ്ടെന്നും ചെയർമാൻ പറയുന്നു. എന്നാൽ കുടിവെള്ളം നിർദേശിച്ച എല്ലായിടത്തും എത്തിക്കുന്നില്ലെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത്കുമാർ ആരോപിച്ചു.