ജില്ലയിൽനിന്ന്‌ വിരമിക്കുന്നു, 40 പോലീസ് ഉദ്യോഗസ്ഥർ

ജില്ലയിൽനിന്ന്‌ വിരമിക്കുന്നു, 40 പോലീസ് ഉദ്യോഗസ്ഥർ

തൃശ്ശൂർ : ജില്ലയിൽനിന്ന്‌ വെള്ളിയാഴ്ച വിരമിക്കുന്നത് 40 പോലീസുകാർ. തൃശ്ശൂർ സിറ്റി, റൂറൽ ജില്ലകളിൽനിന്നാണിത്.

സിറ്റിയിൽനിന്ന്‌ 24 പേരും റൂറലിൽനിന്ന് 16 പേരുമാണ് വിരമിക്കുന്നത്. ഒരു എ.സി.പി. ഉൾപ്പെടെയുള്ളവരാണ് വിരമിക്കുന്നത്. രണ്ട് ഇൻസ്പെക്ടർമാരും 37 എസ്.ഐ.മാരും വിരമിക്കുന്നവരിൽ ഉൾപ്പെടുന്നു. സിറ്റിയിലും റൂറലിലും കൂടി ആകെ രണ്ടായിരത്തി അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരാണുള്ളത്.

ഒഴിവ്‌ വരുന്ന തസ്തികകളിലേക്ക് നിയമനം നടത്താനുള്ള നടപടി വകുപ്പ് ആരംഭിച്ചുകഴിഞ്ഞു. ഈ മാസത്തെ വിരമിക്കലുകൾകൂടി കണക്കിലെടുത്ത് പുതിയ പോലീസ് ബാച്ചിന് പരിശീലനം ആരംഭിച്ചിട്ടുണ്ട്. വിരമിക്കുന്ന എല്ലാവർക്കും സിറ്റി, റൂറൽ ജില്ലകളിലെ പോലീസ് സംഘടനകൾ യാത്രയയപ്പ്‌ നൽകി. യാത്രയയപ്പ് റേഞ്ച് ഡി.ഐ.ജി. അജിതാബീഗം ഉദ്ഘാടനം ചെയ്തു. വിരമിക്കുന്നവർക്ക് ഡി.ഐ.ജി. ഉപഹാരം നൽകി.

ചടങ്ങിൽ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ, തൃശ്ശൂർ റൂറൽ ജില്ലാ പേലീസ് മേധാവി നവനീത്, അഡീഷണൽ എസ്.പി.മാരായ ബിജു കെ. സ്റ്റീഫൻ, പ്രദീപ് വെയിൻസ്, തൃശ്ശൂർ എ.സി.പി. കെ. സുദർശൻ, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, പോലീസ് സംഘടനാ ഭാരവാഹികളായ കെ.സി. ബൈജു, ബിനു ഡേവിസ്, പി.ആർ. കമൽദാസ്, കെ.സി. ഗിരീഷ്, കെ.സി. സുനിൽ, കെ.പി. രാജു, എം.എൽ. വിജോഷ്, വി. ശബരീകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post