പഴഞ്ഞി കൂട്ടുകൃഷി: നെല്ലിന് തൂക്കക്കുറവ്

പഴഞ്ഞി കൂട്ടുകൃഷി: നെല്ലിന് തൂക്കക്കുറവ്

പഴഞ്ഞി : ഈ സീസണിൽ പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിലെ കർഷകർക്ക് കൃഷിയിറക്കുന്നതിൽ ഇരട്ടി ആത്മവിശ്വാസമായിരുന്നു. അതെല്ലാം നെഞ്ചിലേറ്റി അവർ ഒരുമയോടെ പ്രയത്നിച്ചു, കൃഷിയിറക്കി, കൃഷി വിജയിപ്പിച്ചു. എന്നാൽ, കൊയ്ത്തുകഴിഞ്ഞതോടെ അവരുടെ ആത്മവിശ്വാസമെല്ലാം തട്ടിത്തെറിപ്പിച്ച് കാലാവസ്ഥയെന്ന വില്ലനെത്തി.

നെല്ലിന് തൂക്കക്കുറവ് വരുത്തിയതുപോലെ കർഷകർക്ക് സാമ്പത്തികനഷ്ടവുമുണ്ടാക്കി. കൃഷിയിറക്കത്തിൽ അനുഭവപ്പെട്ട കനത്ത മഞ്ഞുവീഴ്ചയും പിന്നീടുണ്ടായ കനത്ത ചൂടുമാണ് വിളവിനെ ബാധിച്ചത്.

സഹകരണസംഘത്തിലെ വടക്കേപ്പടവിൽ കൃഷിയൊരുക്കത്തിന്റെ ഭാഗമായി പമ്പിങ് നടത്തുന്നതിനിടെ ബണ്ട് തകർന്നിരുന്നു. ഇതോടെ ഒന്നര മാസത്തോളം വൈകിയാണ് കൃഷിയിറക്കിയത്. കർഷകർ ഒത്തൊരുമയോടെ പ്രയത്നിച്ചതോടെയാണ് തകർന്ന പ്രധാന ബണ്ട് കെട്ടിപ്പൊക്കി വേഗത്തിൽ കൃഷിനടപടികൾ പൂർത്തിയാക്കിയത്.

വൈകി കൃഷിയിറക്കിയതോടെ വേനലിൽ വെള്ളം ലഭിക്കില്ലെന്നാണ് കർഷകർക്കുണ്ടായിരുന്ന ആധി. എന്നാൽ, ചെറിയ മോട്ടോർ എൻജിൻ വച്ച് ഉൾത്തോടുകളിൽനിന്ന്‌ വേണ്ട വെള്ളം ലഭ്യമാക്കി. അവസാനവട്ട വെള്ളത്തിനുമാത്രമാണ് പ്രയാസം നേരിട്ടത്. കൃഷി പകുതിയായതോടെതന്നെ കാലാവസ്ഥാമാറ്റം കൃഷിയിൽ കണ്ടിരുന്നു. കൊയ്ത്ത് കഴിഞ്ഞതോടെയാണ് വലിയ രീതിയിൽ വിളവിനെ ബാധിച്ചതായി തിരിച്ചറിയുന്നത്.

ഏക്കറിൽനിന്ന്‌ 600 കിലോയുടെ തൂക്കവ്യത്യാസമാണ് ഓരോ കർഷകനുമുള്ളത്. കഴിഞ്ഞ സീസണിൽ 2,400 കിലോ മുതൽ 2,600 കിലോ വരെ സംഭരിച്ചയിടങ്ങളിൽനിന്ന്‌ ഈ വർഷം ലഭിച്ചത് 1,900 മുതൽ 2,100 കിലോ വരെയാണ്. നെല്ലിന്റെ തൂക്കനഷ്ടത്തിനു പുറമേ, കൃഷിയിറക്കുന്നതിനായി ചെലവഴിച്ച തുകയടക്കം വൻ സാമ്പത്തികനഷ്ടം കർഷകർക്കേറ്റിട്ടുണ്ട്.

ഈ സീസണിൽ ലഭിച്ച വിത്തിന്റെ ഗുണമേന്മ കുറഞ്ഞതും തിരിച്ചടിയായെന്ന് കർഷകർ ആരോപിച്ചു. പുഴുശല്യം, ഓലകരിച്ചിൽ, തണ്ടുതുരപ്പന്റെ ആക്രമണം തുടങ്ങിയ രോഗങ്ങൾ കണ്ടതോടെ വിത്തിന്റെ ഗുണമേന്മക്കുറവ് കർഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

ഇവ നെല്ലിന്റെ വളർച്ചയെ ബാധിച്ചിട്ടുണ്ടെന്നും കർഷകർ പറഞ്ഞു.

നെല്ലിന്റെ തൂക്കക്കുറവ്, കൃഷിയിറക്കം എന്നിവക്കു പുറമേ, രോഗപ്രതിരോധത്തിനായി മരുന്നു തളിക്കാനും കർഷകർക്ക് അധിക ചെലവ് വന്നു
Previous Post Next Post