'അക്രമിച്ചവരെപ്പോലും ചേര്‍ത്തുനിര്‍ത്തിയ നേതാവ്'; ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി ബിനീഷ് കോടിയേരി

'അക്രമിച്ചവരെപ്പോലും ചേര്‍ത്തുനിര്‍ത്തിയ നേതാവ്'; ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി ബിനീഷ് കോടിയേരി
പുതുപ്പള്ളി (കോട്ടയം): വ്യക്തിപരമായി എത്രയേറെ അക്രമിക്കപ്പെട്ടാലും അക്രമിച്ചവരെ ചേർത്ത് പിടിച്ച്‌ പോകാൻ സാധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കാണിച്ചു തന്ന വ്യക്തികളായിരുന്നു ഉമ്മൻ ചാണ്ടിയും കോടിയേരി ബാലകൃഷ്ണനുമെന്ന് ബിനീഷ് കോടിയേരി.


ജനമനസ്സുകളില്‍ അടയാളപ്പെടുത്തിയ നേതാക്കളെ വിസ്മൃതിയിലേക്ക് പോകാൻ ജനങ്ങള്‍ സമ്മിക്കില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോഴും ഉമ്മൻ ചാണ്ടിയുടെ സ്മാരകത്തിലേക്ക് എത്തുന്ന ജനവും അദ്ദേഹത്തോടുള്ള സ്നേഹവുമെന്ന് ബിനീഷ് പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സമാനതകള്‍ ഏറെയുള്ള നേതാക്കളായിരുന്നു എൻറെ അച്ഛനും ഉമ്മൻ ചാണ്ടി അങ്കിളും. വ്യക്തിപരമായി അക്രമിക്കപ്പെട്ടപ്പോഴും, അക്രമികളെ ചേർത്തുനിർത്തിയ ആളുകളായിരുന്നു ഇരുവരും. ഉമ്മൻ ചാണ്ടി അങ്കിളിന്റെ കുടുംബം ഞങ്ങളുടെ കുടുംബവുമായി അത്രയേറെ ബന്ധപ്പെട്ട് നില്‍ക്കുകയാണ്. അത് അച്ഛനും ഉമ്മൻ ചാണ്ടി അങ്കിളും തമ്മിലുള്ള വലിയൊരു അടുപ്പത്തിന്റെ ബന്ധമാണ്. രണ്ടുപേരുടേയും ജീവിതം നോക്കുമ്ബോള്‍ അത്രയേറെ വ്യക്തിപരമായി അക്രമിക്കപ്പെട്ട രണ്ട് നേതാക്കളാണ്. വ്യക്തിപരമായി അക്രമണങ്ങള്‍ നേരിടുമ്ബോഴും ആക്രമിക്കുന്നവരോട് വളരെ സൗഹാർദ്ദപരമായ അന്തരീക്ഷം കാത്തു സൂക്ഷിക്കുകയും ചിരിയിലൂടെ അവരെ കൂടി ചേർത്ത് നിർത്തുകയും ചെയ്ത രണ്ടു നേതാക്കളായിരുന്നു രണ്ടുപേരും. ആളുകള്‍ മനസ്സിലാക്കപ്പെടേണ്ട രണ്ടു ജീവിതങ്ങളാണ്'- ബിനീഷ് പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്ന് പറഞ്ഞ ബിനീഷ് ചാണ്ടി ഉമ്മനുമായി സൗഹൃദവും അത്തരത്തില്‍ തന്നെയാണെന്നും കൂട്ടിച്ചേർത്തു. കേരളവും മലയാളിയും ഉള്ളിടത്തോളം കാലം ഉമ്മൻ ചാണ്ടി ഓർമ്മിക്കപ്പെടുമെന്നും ബിനീഷ് പറഞ്ഞു.

രാഷ്ട്രീയ നിലപാടുകള്‍ കൃത്യമായി പറഞ്ഞുപോകുകയും അതോടൊപ്പം ഏറ്റവും നല്ല അടുപ്പം കാത്തു സൂക്ഷിക്കാൻ അവർക്ക് പറ്റിയിട്ടുണ്ട്. അത്തരത്തിലുള്ള രാഷ്ട്രീയ അന്തരീക്ഷമാണ് നമ്മള്‍ വളർത്തിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Previous Post Next Post