ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസ് വൈകിയത് രണ്ടേമുക്കാല്‍ മണിക്കൂര്‍; മുന്നറിയിപ്പ് നല്‍കാതെ റെയില്‍വേ, ദുരിതം
ആലപ്പുഴ: യാത്രക്കാരെ വലച്ച് ഇന്ത്യൻ റെയില്‍വേ. മുന്നറിയിപ്പില്ലാതെ ആലപ്പുഴ-ധൻബാദ് എക്സ്പ്രസ് സമയം മാറ്റി.
രാവിലെ ആറുമണിക്ക് ആലപ്പുഴയില്‍നിന്ന് പുറപ്പെടേണ്ട ധൻബാദ് എക്സ്പ്രസ് രണ്ടേമുക്കാല്‍ മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്.
ധൻബാദില്‍നിന്ന് ട്രെയിൻ എത്തിയപ്പോള്‍ താമസിച്ചു. തുടർന്ന് ശുചീകരണജോലികള്‍ പൂർത്തിയാക്കുന്നതിനുള്ള കാലതാമസവും വന്നു. ഇതാണ് ട്രെയിൻ വൈകിയോടാൻ കാരണമെന്നാണ് റെയില്‍വേ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നെങ്കില്‍ വലിയ ഉപകാരമാകുമായിരുന്നെന്ന് യാത്രക്കാർ പ്രതികരിച്ചു.
ആലപ്പുഴയില്‍നിന്ന് വടക്കോട്ട് എറണാകുളത്തേക്ക് ഉള്‍പ്പെടെ ജോലിക്ക് പോകുന്ന സർക്കാർ ഉദ്യോഗസ്ഥർ അടക്കം ആശ്രയിക്കുന്ന ട്രെയിനാണ് ധൻബാദ് എക്സ്പ്രസ്. ട്രെയിൻ വൈകുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ മുന്നിറിയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ഇവർക്ക് മറ്റ് യാത്രാമാർഗങ്ങള്‍ സ്വീകരിക്കാൻ കഴിഞ്ഞേനെ. ഇതേത്തുടർന്നാണ് യാത്രക്കാർ പ്രതിഷേധിച്ചത്.