പോളിടെക്നിക്ക് കൂട്ടായ്മയുടെ'പരിഭവം തോരാതെ'മ്യൂസിക് വീഡിയോ തയ്യാറായി
കുന്നംകുളം : ഗവർമെൻ്റ് പോളിടെക്നിക്കിൽ 1999ൽ പഠിച്ച കമ്പ്യൂട്ടർ ടെക്നോളജി ഡിപ്ലോമ വിദ്യാർത്ഥികൾ കാലങ്ങൾക്ക് ശേഷം തങ്ങളുടെ ഓർമ്മകൾ കൂട്ടിവെച്ച് ഒരുക്കിയ മ്യൂസിക് ആൽബം 'പരിഭവം തോരാതെ' തയ്യാറായി. ഗവ. പോളിടെക്നിക് 99 മേലോഡിസ് എന്ന ബാനറിൽ നിർമ്മിച്ച വീഡിയോ സോങ്ങിന്റെ രചനയും ആലാപനവും അഭിനയിക്കുന്നവരും എല്ലാം പൂർവ്വ വിദ്യാർത്ഥികളാണ് എന്നതാണ് ഇതിൻ്റെ പ്രത്യേകത. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ പ്രവീൺ വിദ്യാനന്ദൻ രചനയും രഞ്ജിത്ത് രാമൻ ആലാപനവും നിർവഹിക്കുന്നു. കോളേജിലെ പൂർവവിദ്യാർത്ഥിയായ ദയാനാഥ് ആണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് സഹപാഠികൾ. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സന്തോഷ് പെരിങ്ങോട്ടുകരയും, സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇ എസ് സുധീപും, ഓർക്കസ്ട്രേഷൻ ചെയ്തിരിക്കുന്നത് വിനോദ്കുമാറുമാണ് . വീഡിയോയുടെ പോസ്റ്റർ പ്രകാശനം കലാലയത്തിലെ പൂർവ അധ്യാപിക പി.വി. നീന ടീച്ചർ നിർവഹിച്ചു. ഗവർമെൻറ് പോളിടെക്നിക്കിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് കെ ബി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പൂർവ വിദ്യാർത്ഥിയും എഴുത്തുകാരനുമായ റാഫി നീലങ്കാവിൽ മുഖ്യാതിഥിയായി. അധ്യാപകരായ ശിവരാമകൃഷ്ണൻ, ഇ. പ്രകാശ്, സിജോ വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഈ മാസം തന്നെ വീഡിയോ പുറത്തിറക്കുമെന്ന് കൂട്ടായ്മ ഭാരവാഹികളായ പി.വി.ശിവദാസ് , ടി.വി.വിനീത്, മനോജ് രാമചന്ദ്രൻ, നവാസ് ചങ്ങനാത്ത്, സവാദ് കുടിലിങ്കൽ, കെ. ടി.അനീഷ് എന്നിവർ അറിയിച്ചു.

