കുന്നംകുളത്തിന്റെ ചരിത്രവും ജീവിതവും അടയാളപ്പെടുത്തി 'സി.ആർ.സി'യുടെ പുസ്തകം പ്രകാശനം ചെയ്തു
തിരുവനന്തപുരം: പഴയകാല കേരളത്തിന്റെ, പ്രത്യേകിച്ച് കുന്നംകുളത്തിന്റെ സാമൂഹിക-സാസ്കാരിക ചരിത്രം അനാവരണം ചെയ്യുന്ന പുതിയ പുസ്തകം തിരുവനന്തപുരം അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കുന്നംകുളം തെക്കെപുറം സ്വദേശിയും പ്രമുഖ എഴുത്തുകാരനുമായ സി.ആർ.സി. തെക്കെപുറം രചിച്ച ഈ കൃതി കോഴിക്കോട് മലയാളഭൂമി പബ്ലിക്കേഷൻസാണ് പുറത്തിറക്കിയത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എഴുത്തുകാരൻ സുനിൽ മതിലകത്തിൽ നിന്നും സംഗീതജ്ഞൻ വിളക്കാട് രാജേന്ദ്രൻ പുസ്തകം ഏറ്റുവാങ്ങി. കുന്നംകുളത്തിന്റെ തനിമയാർന്ന തൊഴിൽ മേഖലകളെയും സാധാരണക്കാരായ നസ്രാണി ജീവിതങ്ങളെയും അടയാളപ്പെടുത്തുന്നതാണ് പുസ്തകമെന്ന് ഗ്രന്ഥകർത്താവായ സി.ആർ.സി. ചടങ്ങിൽ വിശദീകരിച്ചു. കുന്നംകുളത്തെ പഴയകാല ബുക്ക് ബൈൻഡിംഗ്, ഫോട്ടോ ഫ്രെയിം, വട്ടക്കണ്ണി നിർമ്മാണം, ചെമ്പ് പാത്ര നിർമ്മാണം എന്നീ മേഖലകളിൽ ഏർപ്പെട്ടിരുന്നവരുടെ ജീവിതം പുസ്തകത്തിൽ പ്രതിപാദിക്കുന്നു.കുന്നംകുളം ഓർത്തഡോക്സ് നസ്രാണി സമൂഹത്തിലെ സാധാരണക്കാരുടെ കഥകളും അവരുടെ അതിജീവന പോരാട്ടങ്ങളുമാണ് പുസ്തകത്തിന്റെ പ്രമേയം. പുസ്തകോത്സവത്തിന്റെ ഔദ്യോഗിക ചടങ്ങുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാടിന്റെ വിസ്മൃതിയിലാണ്ടുപോയ തൊഴിൽ സംസ്കാരത്തെയും മനുഷ്യജീവിതങ്ങളെയും വീണ്ടെടുക്കാനുള്ള ശ്രമമാണ് ഈ ഗ്രന്ഥമെന്ന് പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.



